Wednesday, October 28, 2015

സഹയാത്രികയ്ക്ക് ആദരപൂർവ്വം...! - മൂന്ന്

ഒന്നാം ഭാഗം, രണ്ടാം ഭാഗം

രാമേട്ടന്റെ വീട്ടിൽ ഒരു പകലും രാത്രിയും ഞാനും ഗൗരിയും ഉണർന്നും ഉറങ്ങിയും കഴിഞ്ഞ ആ ദിവസത്തിന് ശേഷം ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് അജിത്ത് എന്നെ ഒരു ബാറിലേയ്ക്ക് വിളിച്ചുകൊണ്ട് പോയി. അന്നേരത്തേയ്ക്ക് കെട്ടുപൊട്ടിയ പട്ടംപോലെ നഗരത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു എന്റെയും ഗൗരിയുടേയും പ്രണയജീവിതം പകൽപോലെ പരസ്യമായി കഴിഞ്ഞിരുന്നു. അജിത്ത് ഗൗരിയെ കുറിച്ചാണ് സംസാരിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, അവളും ഞാനും തമ്മിൽ എല്ലാ തരത്തിലുമുള്ള അന്തരം, ഞങ്ങളുടെ പ്രേമം അവളുടെ കുടുംബത്തിൽ ഉണ്ടാക്കിവയ്ക്കാൻ പോകുന്ന ദുരന്തം - അങ്ങനെയൊക്കെ അവൻ വളരെ ഗൗരവത്തിലും അമർഷത്തിലും സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ സംസാരിക്കാൻ ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഞാൻ അവന് അവസരം കൊടുക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അജിത്ത് സംസാരിക്കുന്ന സമയത്തൊക്കെയും ഞാൻ വേറൊരു ലോകത്തായിരുന്നു. 

ബാറിന്റെ മുനിഞ്ഞു കത്തുന്ന വിളക്കുകളുടെ അരണ്ടപ്രകാശത്തിൽ നിഴലുകൾ പോലെ അനങ്ങുന്ന ആളുകൾ. അടുത്ത ടേബിളുകളിൽ നിന്നും മർമ്മരം പോലെ ഇടയ്ക്കൊക്കെ എത്തുന്ന വഴുതുന്ന മദ്യസംസാരങ്ങൾ. ഞാൻ ഗൗരിയെ മാത്രം ഓർത്തുകൊണ്ട്‌ അജിത്ത് പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്  എന്ന ഭാവത്തിലിരുന്നു. രാമേട്ടന്റെ വീട്ടിലെ ആ മുകൾ മുറിയിൽ തുറന്നുവച്ച ഒരു പുസ്തകത്തിനു മുന്നിൽ ഇരിക്കുന്ന അവളുടെ മുഖവും മനസ്സും അപ്പോൾ എനിക്ക് കൃത്യമായി കണാനാവുന്നുണ്ടായിരുന്നു.

അജിത്ത് എന്നോട് സംസാരിക്കുമ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്; ഒരാളുടേയും വ്യക്തിജീവിതത്തിൽ കയറി അഭിപ്രായമോ ഉപദേശമോ ഒന്നും നൽകരുത്. അവർ അനുഭവിക്കുന്നതോ കടന്നുപോകുന്നതോ ആയ ജീവിതാവസ്ഥകൾ, അനുഭവതലങ്ങൾ ഒന്നും നമുക്ക് അല്പംപോലും അറിവുണ്ടാവില്ല. ഗൗരിയുടേയും എന്റെയും ജീവിതം അപ്പോഴേയ്ക്കും എത്തികഴിഞ്ഞ ഗാഡവും സങ്കീർണ്ണവുമായ തലത്തെക്കുറിച്ച് യാതൊരു രൂപവുമില്ലാതെ ഏതോ സ്കൂൾകുട്ടികളുടെ പ്രണയചാപല്യത്തെ കുറിച്ച് സംസാരിക്കുന്നതു പോലെ വാചാലനാവുകയായിരുന്ന അജിത്തിനെ നിർമ്മമതയോടെ സഹിക്കാൻ ഗൗരിയെക്കുറിച്ചുള്ള വിചാരം സഹായിച്ചു.         

അങ്ങനെ കറങ്ങിനടക്കുന്നതിനിടയ്ക്ക് ഗൗരി ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യമുണ്ട്; എന്നെ ഒരു ദിവസം കാണാതായാൽ നീ പരിഭ്രമിക്കയൊന്നും ചെയ്യരുത്. ഈ കറക്കമറിഞ്ഞ് വീട്ടുകാർ വന്ന് എന്നെ പിടിച്ചുകൊണ്ടുപോയി എന്ന് കരുതിയാൽ മതി. ഒരാഴ്ചത്തെ സമയം എനിക്ക് തരണം. അതിനിടയ്ക്ക് ഞാൻ നിന്നെ വിവരം അറിയിച്ചിരിക്കും. ഒരാഴ്ച കഴിഞ്ഞും എന്റെ വിവരമില്ലെങ്കിൽ മാത്രമേ എന്നെ തിരക്കി വരാവൂ.

അങ്ങനെയൊരു സംഭവ്യതയെ കുറിച്ച് ഞാൻ തീരെ കാര്യമാക്കിയിരുന്നില്ല; ഒരു സുപ്രഭാതത്തിൽ ഗൗരി അപ്രത്യക്ഷമാവുന്നതുവരെ. ഗൗരിയുടെ കത്ത് വരുന്നതു വരെയൊന്നും പക്ഷെ  സംഭവിച്ചത് എന്ത് എന്ന് ഉറപ്പിക്കാൻ കാത്തിരിക്കേണ്ടി വന്നില്ല. അന്നുതന്നെ ഒരു പതിനൊന്നു മണിയായപ്പോൾ ഞാൻ ഡിപ്പാർട്ട്മെന്റ് തലവനായ പണിക്കർ സാറിന്റെ റൂമിലേയ്ക്ക് വിളിപ്പിക്കപ്പെട്ടു. പണിക്കർ സാറിനോടൊപ്പം ഉണ്ടായിരുന്ന രാമേട്ടനെ മനസ്സിലാക്കാൻ എനിക്ക് പ്രയാസമൊന്നും ഉണ്ടായില്ല.

"അനിലിന് ഇദ്ദേഹത്തെ അറിയാമല്ലോ അല്ലേ...?"
അറിയാം എന്ന് ഞാൻ തലകുലുക്കി.
"ഇദ്ദേഹത്തിന് അനിലിനോട്‌ എന്തോ സംസാരിക്കാനുണ്ട്..."
"ഗൗരിയെ കുറിച്ച് സംസാരിക്കാനാണെങ്കിൽ ഇദ്ദേഹത്തോടൊപ്പം ഗൗരിയും ഉണ്ടാവണം. ഗൗരി ഇല്ലാതെ അവളെ കുറിച്ചു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
"അനിൽ, രാമൻ എന്റെ ഗെസ്റ്റാണിവിടെ..." പണിക്കർ സാർ ശബ്ദം അല്പം ഉയർത്തി.
"സാർ, അങ്ങയുടെ മുന്നിൽ വച്ച് എന്നെ ഈ സംസാരത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. ഞാൻ പൊയ്ക്കോട്ടേ, പ്ലീസ്..."
ഒരല്പ സമയം നിശബ്ദനായിരുന്ന പണിക്കർ സാർ പിന്നീട് എന്നോട് പൊയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ആംഗ്യംകാണിച്ചു.

(വർഷങ്ങൾക്ക് ശേഷം, ഗൗരിയും ഞാനും ജീവിക്കുന്ന വിദേശരാജ്യത്ത് ഏതോ മലയാളി സംഘടനയുടെ അതിഥിയായി എത്തിയ പണിക്കർ സാറിന്റെ പ്രസംഗം കേൾക്കാൻ ഞങ്ങൾ പോവുകയുണ്ടായി. വളരെ പിറകിൽ ഇരിക്കുകയായിരുന്ന ഞങ്ങളെ വേദിയിലിരുന്ന അദ്ദേഹം തിരിച്ചറിയുകയും പ്രസംഗത്തിനിടയ്ക്ക് ഞങ്ങളെ പരാമർശിച്ച് സംസാരിക്കുകയും ചെയ്തു: "ഒരു കവിയും എഴുത്തുകാരനും ആയിരിക്കുന്നതിലുപരി ഒരു അദ്ധ്യാപകനായിരുന്നതിനെ ഞാൻ വിലമതിക്കാനുള്ള കാരണം ലോകത്തിന്റെ ഏതു ഭാഗത്തും എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ ഒരു വിദ്യാർത്ഥിയെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. അങ്ങനെ രണ്ടുപേരെ ഈ സദ്ദസ്സിലും ഞാൻ കാണുന്നുണ്ട്. എന്റെ ഒരു ക്ലാസിൽ വച്ച് കണ്ട് പരിചയപ്പെട്ട അവരെ ഭാര്യയും ഭർത്താവുമായി വർഷങ്ങൾക്കുശേഷം ഇവിടെവച്ച് കാണാനാവുന്നത് എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു." എന്ന് മാത്രമല്ല, ഒരു ദിവസം ഞങ്ങളോടൊപ്പം വന്നു താമസിക്കാനുള്ള ഔദാര്യവും അദ്ദേഹം കാണിച്ചു.)

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗൗരിയുടെ കത്തുവന്നു: "ടെൻഷനൊന്നും വേണ്ട. എനിക്കിവിടെ പ്രശ്നമൊന്നും ഇല്ല. മോഹനേട്ടന് അങ്ങനെ ഒരു കത്തെഴുതിയത് മുതൽ ഞാനിത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രമേട്ടൻ സ്വപ്നയെ പിടിച്ച് വിരട്ടിയപ്പോൾ അവൾ ഉള്ളതെല്ലാം പറഞ്ഞു. ഇത് കേട്ടിട്ട് ഇനി അവളെ തല്ലാനൊന്നും പോകേണ്ട. അവൾക്ക് വേറെന്ത് ചെയ്യാൻ പറ്റും. അന്ന് രാത്രി തന്നെ സ്വന്തം എസ്ക്കോർട്ടിൽ രാമേട്ടൻ എന്നെ നാട്ടിലെത്തിച്ചു. ഇനി ക്ലാസ്സിലോട്ട് വിടുമെന്ന് തോന്നുന്നില്ല. എന്തായാലും ഒരുമാസം കൂടിയല്ലേ ഉള്ളൂ, അപ്പോഴേയ്ക്കും സ്റ്റടിഹോളിഡേയ്സ് തുടങ്ങുമല്ലോ. പരീക്ഷയെഴുതാൻ വരുമ്പോൾ കാണാം.

ഇനി കാമുകിയുടെ അല്ല, ഭാര്യയുടെ ഉപദേശം: എന്നും ക്ലാസിൽ പോകണം. എല്ലാ രാത്രികളിലും കള്ളുകുടിച്ച് നടക്കാതെ ഇരുന്നു പഠിക്കണം, പരീക്ഷ അടുത്തു. ഒരു തരത്തിൽ ഇത് നന്നായി. അല്ലെങ്കിൽ ഒന്നും പഠിക്കാതെ നമ്മൾ രണ്ടുപേരും തോറ്റുതൊപ്പിയിട്ടേനെ. വീക്കെൻഡുകളിൽ വീട്ടിൽ പോകണം. ശനിയും ഞായറും ഉച്ചയ്ക്ക് രണ്ടു മണിക്കും നാല് മണിക്കും ഇടയ്ക്ക് ഞാൻ വീട്ടിലേയ്ക്ക് വിളിക്കും. അവിടെ ഉണ്ടാവണം. പിന്നെ പറ്റുമ്പോൾ ഒക്കെ കത്തും അയയ്ക്കാം. ഇങ്ങോട്ട് കത്തും വിളിയും ഒന്നും വേണ്ട..."

പെട്ടെന്ന് ഒരു പ്രത്യേകതരം ക്രമത്തിലേയ്ക്ക് ദൈനംദിനങ്ങൽ വീണു. സമയത്തിന് എണീറ്റ്‌ ക്ലാസ്സിലേയ്ക്ക് പോകുന്നതിനോ രാത്രികളിൽ മുറിയിൽ ഒറ്റയ്ക്കിരിക്കുന്നതിനോ മടിയും അസഹ്യതയും തോന്നാതായി. ഗൗരിയോടൊപ്പം അലഞ്ഞ നഗരതെരുവുകളിലൂടെ സ്വപ്നാടനത്തിലെന്നോണം ഞാൻ ഒറ്റയ്ക്ക് നടന്നു. കത്തുന്ന വെയിൽ, നിലാവുപോലെ അനുഭവപ്പെട്ടു. ലോകത്ത് നടക്കുന്ന സംഭവങ്ങൾ എന്നെ സ്പർശിക്കാതെ കടന്നുപോയി. ഗൗരിയുടെ കത്തിലെ വരികൾ, ഫോണിൽ നിന്നും ഉതിരുന്ന അവളുടെ ശബ്ദം - അവ മാത്രം എന്നോടൊപ്പം സഞ്ചരിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും പുറത്ത് ലോകം വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നുണ്ടായിരുന്നു. സ്റ്റഡിഹോളിഡേ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഉച്ചതിരിഞ്ഞ നേരത്ത് ഹോസ്റ്റലിലെ സന്ദർശകമുറിയിൽ ആരോ എന്നെ കാണാൻ വന്നിരിപ്പുണ്ട് എന്ന അറിയിപ്പുകിട്ടി - രാമേട്ടൻ.

"ഗൗരിയുടെ അച്ഛൻ പുറത്ത് കാറിൽ ഇരിപ്പുണ്ട്. ഒന്ന് കാണണം..."
"ഗൗരി ഉണ്ടോ?"
"ഇല്ല"
"ഞാൻ അന്നേ പറഞ്ഞിരുന്നല്ലോ, ഗൗരിയുടെ വിഷയം സംസാരിക്കാൻ നിങ്ങൾ ആര് വന്നാലും ഒപ്പം ഗൗരിയെ കൊണ്ടുവരണം. അല്ലാതെ ഈ കാര്യത്തിൽ എനിക്ക് ഒന്നും സംസാരിക്കാനില്ല"

എന്തിനായിരുന്നു അങ്ങനെയൊരു കടുംപിടിത്തം എന്ന് ഇന്നും വ്യക്തമല്ല. ഒരുപക്ഷേ ഗൗരിയില്ലാതെ ആ വിഷയത്തിൽ കാര്യഗൗരവത്തോടെ എന്തെങ്കിലും സംസാരിക്കാൻ എന്നൊക്കൊണ്ട് സാധിക്കില്ല എന്ന അബോധമായ തോന്നലായിരുന്നിരിക്കാം. അല്ലെങ്കിൽ ഗൗരിയെ ഒന്ന് കാണാനുള്ള അദമ്യമായ ആഗ്രഹമായിരുന്നിരിക്കാം. എന്തായാലും എന്റെ പ്രകൃതം വെട്ടൊന്ന് മുറി രണ്ട് എന്നപോലാണെന്ന് ഗൗരിയുടെ വീട്ടുകാർ തെറ്റിദ്ധരിക്കാൻ ഈ സംഭവം കാരണമായി. ഇന്നും ആ ധാരണ പൂർണ്ണമായും മാറ്റിയെടുക്കാൻ എനിക്കായിട്ടുമില്ല.

തൊട്ടടുത്ത ദിവസം മറ്റ് രണ്ടു സന്ദർശകർ കൂടിയുണ്ടായി.

"നീ എന്നെങ്കിലും ഞങ്ങൾക്ക് മനസമാധാനം തരുമോ?"
അമ്മയാണ് സംസാരം തുടങ്ങിയത്.
"നിന്റെ കൂടെ പഠിക്കുന്ന ആ പെണ്ണിന്റെ അച്ഛനും സഹോദരനും ഇന്നലെ വീട്ടിൽ വന്നിരുന്നു. നീ എന്തൊക്കെയാ അനിലേ കാണിക്കുന്നത്? അവരൊക്കെ ആരാണെന്ന് നിനക്കറിയാമോ? നീ പോയി നിന്റെ തരത്തിനൊത്ത ആരെയെങ്കിലും പ്രേമിക്ക്‌. ഞങ്ങൾക്ക് ഒരു പ്രശനവുമില്ല. ഇതിപ്പോ, നിനക്ക് തരുന്നതിനേക്കാൾ അവരാ കൊച്ചിനെ കൊന്നുകളയും..."
"അച്ഛനും അമ്മയും ഇത് പറയാനാണോ പതിവില്ലാത്ത പണിക്കിറങ്ങിയത്? അവര് കൊന്നാലും അവരുടെ മകളെയല്ലേ കൊല്ലുന്നത്. അതിന് നിങ്ങൾക്ക് എന്താ പ്രശനം?"
അച്ഛനാണ് തുടർന്നത്...
"ഇതു നിന്റെ തമാശക്കളിയല്ല. ഒരു പെണ്ണിനെ വളർത്തി വലുതാക്കി കെട്ടിച്ചുവിട്ടവരാണ് ഞങ്ങളും. ആ വീട്ടുകാർ ഇപ്പോൾ അനുഭവിക്കുന്ന വിഷമവും ടെൻഷനും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല, ഞങ്ങൾക്ക് മനസ്സിലാവും. എടാ, നീ ഞങ്ങള് പറയുന്നത് കേൾക്ക്, ഇത് വിട്ടുകള... നമുക്ക് പറ്റിയ ബന്ധമല്ല. ഇപ്പോ അതൊന്നും സാരമില്ലാന്നു തോന്നും. പക്ഷെ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി കഴിയുമ്പോ ഈ കുടുംബവും പാരമ്പര്യവുമൊക്കെ വലിയ പ്രശ്നമായി മാറും. നിന്നെക്കാൾ ലോകം കണ്ടിട്ടുള്ളതുകൊണ്ട് പറയുന്നതാണ്. ആ കുട്ടി എവിടെയെങ്കിലും പോയി അവരുടെ നിലയ്ക്കൊത്ത് ജീവിച്ചോട്ടെ, നീയായിട്ട് അതിന്റെ ജീവിതം നശിപ്പിക്കല്ലേ. പിന്നീട് തിരുത്താൻ ഒരവസരം കൂടി കിട്ടുന്ന കാര്യമല്ല ഇത്."
"അച്ഛാ, മൂന്നാല് ആഴ്ച കഴിഞ്ഞാൽ എനിക്ക് അവസാനവർഷ പരീക്ഷയാണ്. ഞാൻ അതിന് പഠിച്ചോണ്ടിരിക്കയാണ്. ആ സമയത്ത് എനിക്ക് സന്തോഷമുള്ള ഒരു കാര്യവും പറയാനില്ലാതെ, വെറുതേ സ്വസ്ഥതനശിപ്പിക്കാൻ ഇറങ്ങിയിരിക്കയാണോ രണ്ടാളും കൂടി...?"
"വാ എണീക്ക്, പോവാം... സ്കൂളിൽ രണ്ടുവട്ടം തോറ്റവന്റെ പഠിത്തം നമ്മളായിട്ട് മുടക്കേണ്ട" അച്ഛൻ അമ്മയോടായി പറഞ്ഞു. പിന്നെ പോകുന്നപോക്കിൽ പടിക്കൽ തിരിഞ്ഞുനിന്നു...
"നീന്നെ വന്നുകണ്ട് സംസാരിക്കാമെന്ന് ആ അച്ഛന് വാക്കുകൊടുത്തതുകൊണ്ട് വന്നതാണ്. അല്ലാതെ ജനിച്ചപ്പോൾ മുതൽ ഞങ്ങളുടെ കട്ടപൊക കാണാൻ നോമ്പുനോറ്റ് നടക്കുന്ന നീ ഞങ്ങൾ വന്നു പറഞ്ഞാലുടനെ അനുസരിക്കും എന്ന് കരുതിയിട്ടൊന്നുമല്ല..."

രാമേട്ടന്റെ ഏർപ്പാടിൽ മഫ്തിയിലുള്ള രണ്ടു പോലീസുകാരുടെ അകമ്പടിയിലാണ് ഗൗരി പരീക്ഷയെഴുതാൻ വന്നത്. കോളേജ് അധികാരികളുടെ അനുവാദമില്ലാതെ ക്യാമ്പസിനകത്ത് കടന്ന പോലീസിനെ പുറത്താക്കാൻ ഒരു ക്ഷിപ്ര വിദ്യാർത്ഥിസമരം സംഘടിപ്പിക്കാനുള്ള സ്വധീനമൊക്കെ എനിക്കുണ്ടായിരുന്നു. എന്നാൽ രൂക്ഷമായ ഒറ്റ വാക്യത്തിൽ ഗൗരി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
"മിണ്ടിപ്പോവരുത്. കുറച്ചു ദിവസം കാണാനുള്ള അവസരം കൂടി ഇല്ലാതാക്കരുത്."
ആദ്യത്തെ ദിവസം മാത്രമേ പോലീസുകാർക്ക് ഒരു ശുഷ്കാന്തി ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ദിവസങ്ങളിൽ മരച്ചുവട്ടിൽ പോയിരുന്ന് സിഗരട്ട് വലിച്ചും മാറി മാറി കാന്റീനിൽ പോയി ചായകുടിച്ചുമൊക്കെ അവർ സമയംകളഞ്ഞു. പരീക്ഷാഹാളിൽ നിന്നും ഗൗരി ഓടിപ്പോവാതെ നോക്കാൻ മാത്രമേ അവർക്ക് നിർദ്ദേശമുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു. പരീക്ഷ തുടങ്ങുന്നതിന് മുൻപും ശേഷവും ഞങ്ങൾക്ക് അത്യാവശ്യം കാണാനും സംസാരിക്കാനുമൊക്കെയുള്ള അവസരം കിട്ടി.

പരീക്ഷ കഴിഞ്ഞ ദിവസം ഞങ്ങൾ അടുത്തിരുന്നു. ഗൗരി എന്റെ കയ്യിൽ അമർത്തി പിടിച്ചിരുന്നു. അവൾ സംസാരിച്ചതൊക്കെയും കാര്യകാരണങ്ങളും വരുംവരായ്കകളും മാത്രമായിരുന്നു.
"മനസ്സുമാറി ഒന്ന് സെറ്റിലാവാൻ അവരെനിക്ക് സമയംതരും എന്ന് പ്രതീക്ഷിക്കാം. അതിനുശേഷമേ കല്ല്യാണാലോചനകൾ പുനരാരംഭിക്കാൻ വഴിയുള്ളൂ. ആ ഗ്യാപ്പിൽ നീ എന്തെങ്കിലുമൊരു വരുമാനമാർഗ്ഗം കണ്ടെത്തിയിരിക്കണം. ഇനി ഇതുപോലൊരു കലങ്ങിമറിയലിന് ഞാൻ നിന്നുകൊടുക്കില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ തന്നെ ഇറങ്ങിവരും. തൽക്കാലം ഇപ്പോൾ ഉള്ളതുപോലെ കത്തും ഫോണ്‍വിളിയുമായി തുടരാം..."
"ഗൗരി എനിക്ക് കത്തെഴുതുന്നതിന്റേയും ഫോണ്‍വിളിക്കുന്നതിന്റേയും കാര്യമല്ലേ പറയുന്നത്. എനിക്കൊന്ന് ഗൗരിയുടെ ശബ്ദം കേൾക്കണമെന്ന് തോന്നിയാൽ ഞാൻ എന്തുചെയ്യും?"
എന്നെ നോക്കിയിരിക്കുകയായിരുന്ന ഗൗരിയുടെ ശുഭ്രസുതാര്യമായ കവിളുകളിലേയ്ക്ക്, അതുകേട്ടപ്പോൾ, രക്തച്ഛവി പകർന്നു. മഷിയെഴുതിയ കണ്‍പീലികൾക്കുള്ളിൽ തുഷാരം പൊടിയുന്നതുപോലെ ജലം നിറയുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു.
"പ്ലീസ്, എന്നെ കരയിക്കല്ലേ..."
അവൾ ചിലമ്പിയ ശബ്ദത്തിൽ പറഞ്ഞു.
എങ്കിലും അവൾ അമർത്തികരഞ്ഞു.
"എനിക്ക് നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല അനിൽ..."
വിതുമ്പലോടെ അവൾ എന്റെ തോളിൽ മുഖമമർത്തി എന്നെ കെട്ടിപ്പിടിച്ചു.

ഞങ്ങളെപ്പോലെ കാമുകീകാമുകന്മാർ ഒന്നും ആയിരുന്നില്ലെങ്കിലും രണ്ടു വർഷത്തെ സഹജീവിതം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്നതിന്റെ വിഷാദത്തിൽ ഞങ്ങളുടെ ക്ലാസിലെ തന്നെ കുറച്ചു കുട്ടികൾ ആ മുറിയുടെ പല ഭാഗങ്ങളിലായി അപ്പോൾ ഉണ്ടായിരുന്നു. ഗൗരിയും ഞാനും പ്രണയത്തിലാണ് എന്നും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും അവർക്കൊക്കെ അറിയാമായിരുന്നെങ്കിലും എന്നെപ്പോലെ തന്നെ അവരും ഗൗരിയുടെ ഈ പ്രവർത്തി തീരെ പ്രതീക്ഷിച്ചിരുന്നതല്ല. പെട്ടെന്ന് ആ മുറി മുഴുവൻ ആഴമുള്ള ഒരു നിശബ്ദതയിലേയ്ക്ക് വഴുതിവീണു. ഗൗരിയുടെ തേങ്ങലിന്റെ നേർത്ത വീചികൾ മാത്രം ആ നിശബ്ദതയ്ക്ക് മുകളിലേയ്ക്ക് വല്ലാത്ത മുഴക്കത്തോടെ പ്രതിധ്വനിക്കുന്നതുപോലെ തോന്നി.

അല്പം കഴിഞ്ഞപ്പോൾ സഹപാഠികളിലാരോ പിറകിൽ നിന്നും എന്നെ തൊട്ടു:
"അനിലേ, ആ പോലീസുകാരിൽ ഒരാൾ ഇങ്ങോട്ട് വരുന്നുണ്ട്."
അതുകേട്ടപ്പോൾ, സ്ഥലകാലബോധം വീണ്ടെടുത്ത ഗൗരി എന്നിൽ നിന്നും അടർന്നുമാറി.
"ഒക്കെ പറഞ്ഞതുപോലെ..."
സാരിത്തലപ്പുകൊണ്ട് മുഖംതുടച്ച് എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു.
അതിനു ശേഷം മറ്റ് കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞ് എന്റെ കൈകളിൽ ഒന്നുകൂടി അമർത്തി പിടിച്ചതിനു ശേഷം വരാന്തയിലേയ്ക്ക്‌ ഇറങ്ങി, അപ്പോഴേയ്ക്കും വാതിൽക്കലേയ്ക്കെത്തിയ പോലീസുകാരന് പിറകിലായി അവൾ നടന്നുപോയി.

ഉറച്ച കാൽവയ്പ്പുകളോടെ നടന്നുപോകുന്ന ഗൗരിയെ നോക്കി ഞാൻ വരാന്തയിൽ നിന്നു. അതൊരു നീണ്ട ഇടനാഴിയായിരുന്നു. ആ യാത്രപറയലിന് അഭൗമമായ അന്തരീക്ഷം നൽകി ഗൗരിയുടെ മുടിയിഴകൾ കാറ്റത്ത് പാറുന്നുണ്ടായിരുന്നു. പരീക്ഷാഹാളിൽ ഉണ്ടായിരുന്ന സഹപാഠികൾ മുഴുവനും എനിക്ക് പിറകിൽ അവളുടെ പോക്ക് നോക്കിനിൽക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

അപ്പോൾ ഞാൻ മറ്റെന്തോ ആലോചിക്കുകയായിരുന്നു. അച്ഛൻ എപ്പോഴും പരിഹസിക്കാറുള്ളതു പോലെ തോറ്റുതോറ്റ് പഠിച്ചാണ് ഞാൻ ഇവിടെവരെയെത്തിയത്. ജയിച്ചപ്പോൾ ഒക്കെയും അത് വെറും കടന്നുകൂടൽ മാത്രമായിരുന്നു. കലാലയത്തിൽ എത്തിയപ്പോൾ പഠിത്തത്തിന് ഉപരിയായി രാഷ്ട്രീയവും കാൽപ്പന്തുകളിയും നാടകവുമൊക്കെയായി നടന്നിരുന്നുവെങ്കിലും അവിടെയൊന്നും ഞാൻ ഒന്നാമനോ നേതാവോ ആയിരുന്നില്ല. സൗഹൃദങ്ങളുടെ പേരിൽ കൂട്ടത്തിൽ ചേർന്ന് പ്രത്യേകിച്ച് പ്രതിബദ്ധത ഒന്നുമില്ലാതെ ചെയ്ത കാര്യങ്ങൾ. കാലാകാലങ്ങളിൽ ഇത്തരം സംഘങ്ങളിൽ നിന്നും നിഷ്കാസിതനാവുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഇക്കാലങ്ങളിലെല്ലാം ഒരിക്കലും ഒഴിവാക്കാനാവാതെ, എന്റെ രീതികൾ കൊണ്ടുതന്നെയാവും, അവഹേളനങ്ങളും തിരസ്കാരങ്ങളും എന്നോടൊപ്പം ഉണ്ടായിരുന്നു. വളരെ ചെറുപ്പം മുതൽ തന്നെ കൊള്ളരുതാത്ത ഒരുത്തനായിരുന്നു ഞാൻ, ഭേദപ്പെട്ട മദ്യപാനിയും. ഇരുണ്ട മൂലകളിൽ നിന്നായിരുന്നു എന്റെ സൗഹൃദങ്ങൾ മുഴുവൻ. കുടുംബത്തിൽ പിറന്ന സഹപാഠികൾ ആരും എന്റെ കൂട്ടുകാരായില്ല. അതൊക്കെ ഒരിക്കലും എന്നെ ബാധിച്ചിരുന്നില്ല എന്നതു വേറെ കാര്യം. എന്റെ ജീവിതാവസ്ഥയിൽ തന്നെ ഈ ലോപത്വങ്ങൾ എല്ലാം അന്തർലീനമായിരുന്നു. സമൂഹത്തിന്റെ പൊതുബോധത്തിൽ ഞാൻ എന്നും പിറകിലായിപ്പോയവനായിരുന്നു.

എല്ലാ ജീവജാലങ്ങളുടേയും പ്രാഥമികമായ ചോദനയാണ് ഏറ്റവും അഭികാമ്യമായ ഇണയെ കണ്ടെത്തുക എന്നത്. വന്യതയിൽ ജീവജാലങ്ങൾ പല്ലും നഖവും കൊണ്ട് ഇണയെ കണ്ടെത്തുമ്പോൾ തലച്ചോർ വികസിച്ച മനുഷ്യൻ കുറച്ചുകൂടി സങ്കീർണ്ണമായി ഈ വ്യവഹാരത്തിൽ ഏർപ്പെടുന്നു. പിറകിൽ നിൽക്കുന്ന ഈ കൂട്ടുകാർ, ഈ കലാലയം, ഈ നഗരം, അല്ല, ഏത് വിസ്തൃതമായ വൃത്തത്തിൽ വച്ചുനോക്കിയാലും ഏത് പുരുഷനും ഏറ്റവും അഭികാമ്യമായിത്തീരുന്ന ഇണയാണ് ഗൗരി എന്നതിന് സംശയമില്ല. ആ പെണ്ണിനെയാണ് ഞാൻ നേടിയിരിക്കുന്നത്. എന്റെ ഇരുണ്ട അപകർഷതയുടെ മുറിയിലേയ്ക്ക് ഒരുപാധികളുമില്ലാതെ കടന്നുവന്ന്‌ ഗൗരി എന്നെ ഈ കൂട്ടുകാർക്ക്, എല്ലാവർക്കും, ഏതാനും അടി മുന്നിലേയ്ക്ക് നീക്കിനിർത്തിയിരിക്കുന്നു.

ജീവിതത്തിൽ അന്നാദ്യമായി ഞാൻ ഒരു വിജയിയായി നിന്നു!

(തുടരും) 

2 comments: